രഞ്ജിനി ഹരിദാസ് Vs റെസ്റ്റ് ഓഫ് കേരള

എന്തെങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുമ്പ് തന്നെ ഒരു കാര്യം വ്യക്തമാക്കിക്കൊള്ളട്ടെ … എനിക്ക് വ്യക്തിപരമായി രഞ്ജിനി ഹരിദാസിനെ അറിയില്ല. കുറച്ചധികം കാലമായി ഞാൻ  പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ കേട്ടും കണ്ടും വരുന്ന കാര്യങ്ങളാണ് ഇതെഴുതാൻ  എന്നെ പ്രേരിപ്പിക്കുന്നത്. മനസ്സിൽ  ഒരു ആശങ്ക ഷെയർ ചെയ്യാൻ രഞ്ജിനി ഹരിദാസിന്റെ ഉദാഹരണം എടുക്കുന്നു എന്നു മാത്രം. ഇതെന്റെ മാത്രം വ്യക്തിപരമായ നിരീക്ഷണങ്ങൾ ആണ്.

കേരളത്തിലെ മാധ്യമങ്ങളും സോഷ്യൽ  സൈറ്റുകളും കുറെ നാളുകളായി ആഘോഷിച്ചു തിമർക്കുന്ന ഒരു ടോപിക് ആണ് രഞ്ജിനി ഹരിദാസിൻറെ മലയാളവും അഹങ്കാരവും വസ്ത്രധാരണവും എല്ലാം. ചാനലുകൽ തോറും ഇവർക്കെതിരെ പല്ലും നഖവും  ഉപയോഗിച്ച് ആഞ്ഞടിക്കുന്ന കുറെ ‘മലയാണ്മയുടെ കാവലാളു’കളെ എന്നും നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു. ക്യാമറയും മൈക്കും കിട്ടിക്കഴിഞ്ഞാൽ രഞ്ജിനി എന്ന ‘വിഷയം’ ആർക്കും  എപ്പോഴും എടുത്തു അലക്കി കയ്യടി മേടിക്കാം…പറഞ്ഞിട്ട് കാര്യമില്ല, അത് നമ്മുടെ ഭരണഘടനയുടെ ഒരു പ്രത്യേകതയാണ്. അഭിപ്രായ സ്വാതന്ത്ര്യം  എന്ന കയ്യാലപ്പുറത്തെ തേങ്ങാക്കുല ഉളളിടത്തോളം ആളുകൾക്ക് പറയാം , അതിന്റെ ശരിയായ അർത്ഥതലങ്ങൾ  ഉൾക്കൊള്ളാതെ തന്നെ. എനിക്കെഴുതുയും ചെയ്യാം .
രഞ്ജിനി ഹരിദാസിന് ഈ കുറ്റപ്പെടുത്തലുകൾ പകർന്നു നല്കിയ ഊർജം ചില്ലറയല്ല. രഞ്ജിനിയെ രഞ്ജിനി ആക്കുന്നതും ഈ ഊർജമാണ്  . രഞ്ജിനി തന്നെ പറയുന്ന പോലെ ‘പറയുന്നത് എന്തായാലും എന്നെ കുറിച്ചാണല്ലോ…I’m cool as long as I’m in the limelight”
ഞാൻ അത്യാവശ്യം ടെലിവിഷൻ കാണുന്ന ഒരാളാണ്. മലയാളം മാത്രമല്ല മറ്റു ഭാഷകളിലെ പരിപാടികളും ആസ്വദിക്കുന്ന ഒരു പ്രേക്ഷകൻ  എന്ന നിലക്കും , ഒരു ശരാശരി വിവേകബുദ്ധിയുള്ള പൗരൻ എന്ന നിലയ്ക്കും എനിക്ക് തോന്നിയിട്ടുള്ള കാര്യം ഇതാണ്.
ഒരു television anchor എന്നുള്ള നിലയിലും മറ്റ് ഭാഷാ ചാനലുകളിലേക്ക്   മലയാളം ടെലിവിഷൻ വ്യവസായത്തിൻറെ ഒരു ambassador എന്ന നിലയിലും ഇന്ന് കേരളത്തിൽ  നിന്ന് നോമിനേറ്റ് ചെയ്യപ്പെടാൻ യോഗ്യതയുള്ള വളരെ വളരെ കുറച്ചു പേരിൽ മുൻപന്തിയിൽ നിൽക്കേണ്ട പേര് തന്നെ ആണ് രഞ്ജിനി ഹരിദാസ്‌ എന്നത്. ഒരു സിറ്റ്വേഷൻ ഭംഗിയായി കൈകാര്യം ചെയ്യുക എന്നതാണ് ഒരു ആങ്കർ ചെയ്യേണ്ടുന്ന ഒരു പ്രധാന ജോലി എന്ന് ഞാൻ മനസിലാക്കുന്നു . പിന്നെ ഒരു വലിയ ജനക്കൂട്ടത്തെ കയ്യിലെടുക്കുക, അവർക്ക് ബോറടിക്കാത്ത വിധത്തിൽ പരിപാടികൾ യോജിപ്പിച്ച് കൊണ്ടു പോവുക , നടക്കുന്ന ഇവെന്റ്റ് നെക്കുറിച്ചും അതിൻറെ ഫോർമാറ്റ് നെക്കുറിച്ചും  വ്യക്തമായ ധാരണ ഉണ്ടാവുക തുടങ്ങിയ കാര്യങ്ങളും ആണ് ഒരു ആങ്കർടെ പ്രധാന ഉത്തരവാദിത്വം എന്ന് നമുക്കൊക്കെ അറിയാവുന്ന കാര്യവും ആണ്. എന്റെ കാഴ്ചയിൽ ഇന്ന് കേരള ടെലിവിഷനിൽ രഞ്ജിനിയോളം ഇതിനു കഴിയുന്ന വേറെ ഒരാൾ ഉണ്ടോ എന്ന് സംശയം. യുവ സംഗീത പ്രതിഭകളെ കണ്ടെത്തുന്ന ഒരു റിയാലിറ്റി ഷോയുടെ ജീവൻ തന്നെ രഞ്ജിനി ഹരിദാസ്‌ ആണെന്ന് എനിക്ക് മിക്കപ്പോഴും തോന്നിയിട്ടുണ്ട്.
മലയാള സംസ്കാരത്തെ രഞ്ജിനി എന്തൊക്കെയോ ചെയ്തു എന്നാണു അവരെക്കുറിച്ചുള്ള പ്രധാന അപവാദം. ഇത് മലയാളിയുടെ കപട സദാചാരബോധം ആണെന്ന് ഞാൻ പറയും. (എണ്ണത്തിൽ കൂടുതൽ ഉള്ള എന്റെ നല്ല മലയാളി സുഹൃത്തുക്കൾ ക്ഷമിക്കുക. ഇത് നിങ്ങളെ ഉദ്ദേശിച്ചല്ല) കാരണം, എന്റെ അമ്മയെയോ പെങ്ങളെയോ കൂട്ടി ഞാൻ പ്രബുദ്ധ സദാചാര കേരളത്തിന്റെ  നിരത്തുകളിൽ കൂടി ഞാൻ നടക്കുമ്പോൾ പ്രായഭേദമെന്യേ അവർക്ക് നേരെ പാഞ്ഞു വരുന്ന, സംസ്കാരം അശേഷം തൊട്ടുതീണ്ടിയിട്ടില്ലാത്ത, കണ്ടാൽ അറപ്പ് തോന്നുന്ന നോട്ടം നോക്കുന്ന, കമന്റ്റ് അടിക്കുന്ന ഒരു വൃത്തികെട്ട മനസ്സ് ഈ സദാചാരവാദികൾക്ക് ഉണ്ടെന്നുള്ളത് പകൽ  പോലെ സത്യമാണ്. രാത്രി മാത്രമല്ല ഇപ്പോൾ പകലും സ്ത്രീകൾക്ക് സുരക്ഷയില്ല ഈ സാക്ഷര സംസ്കാര കേരളത്തിൽ എന്ന വസ്തുത ആർക്കും നിഷേധിക്കാൻ പറ്റില്ല.
ഇത്രയും പറഞ്ഞത് ഒരു മിനി ഫെമിനിസം പ്രസംഗം നടത്താൻ വേണ്ടിയല്ല. കേരള സംസ്കാരം നടുവും കുത്തി ഒടിഞ്ഞു വീഴാൻ മാത്രം രഞ്ജിനി ഹരിദാസ്‌ ഒന്നും ചെയ്തെന്നു ഞാൻ കരുതുന്നില്ല എന്ന് സമർഥിക്കാനാണ് . തന്നെ ഏൽപ്പിച്ച ജോലി ഭംഗിയായി ചെയുന്നു, കാശ് വാങ്ങുന്നു, പോകുന്നു. അവരിടുന്ന വസ്ത്രങ്ങളോട് പ്രശ്നമുള്ളവർ ഉടനെ തന്നെ അടുത്തുള്ള മനശാസ്ത്രജ്ഞനെ കാണുക, ചികിത്സാ സഹായം തേടുക. കാരണം, നിങ്ങൾ കാണുന്നത് ഉടുതുണിക്ക് അപ്പുറം ഉള്ള മറ്റെന്തോ ആണ്. അതിനു നിങ്ങൾക്ക് സാരിയോ സൽവാരോ മിനി സ്കെർറ്റൊ എന്നുള്ള വ്യത്യാസം ഇല്ല. ആഭാസം കാണേണ്ടവന് എന്തിലും അത് കാണാം. അത് അവരവരുടെ മനസിന്റെ വൈകല്യം മാത്രമാണെന്ന് അറിയുക.
പിന്നെ അവരുടെ മലയാളം. അതവർ തുടക്കത്തിലേ സമ്മതിച്ചു തന്ന കാര്യമാണ്. കഴിയുന്നത്ര മെച്ചപ്പെടുത്താൻ അവർ ശ്രമിക്കുന്നുമുണ്ട് . പിന്നെ പറയുന്നവർ  മുഴുവൻ മലയാളം പണ്ഡിറ്റ്‌കൾ ഒന്നും അല്ലല്ലോ. കുറച്ചൊക്കെ സഹിഷ്ണുതയും ആവാം. അതിൽ ഒരു കുറച്ചിൽ കാണേണ്ട. അതോടൊപ്പം അവരുടെ വ്യക്തിജീവിതം അവരുടെ മാത്രം കാര്യമാണെന്ന് പലപ്പോഴും ആവേശത്തിൽ നാം മറന്നു പോവാറും ഉണ്ട് .
തുടക്കത്തിൽ പറഞ്ഞതിലേക്ക് തിരിച്ചു പോകുന്നു. ഇത് ഞാൻ എഴുതുന്നത് വെറും ഒരു നിരീക്ഷണത്തിന്റെ ഭാഗമായിട്ടാണ്. എനിക്ക് രഞ്ജിനി ഹരിദാസിനെ വ്യക്തിപരമായി അറിയില്ല. ഒരു സംസ്ഥാനം മുഴുവനും എതിർത്തിട്ടും കുറ്റം പറഞ്ഞിട്ടും അതിൽ തളരാതെ കൂടുതൽ കരുത്തോടെ മുന്നോട്ട്  പോകുന്ന ഒരു പെണ്‍കുട്ടി. അച്ഛനില്ലാതെ വളർന്ന, തന്റെ അമ്മയെയും അനിയനേയും ഒറ്റക്കു നിന്ന് പരിരക്ഷിക്കുന്ന, തന്റെ മേഘലയിൽ ഔന്നത്യങ്ങൾ കീഴടക്കിയ ഒരു പെണ്‍കുട്ടി. സമൂഹത്തിൽ  സ്ത്രീ പ്രാതിനിധ്യം കൂട്ടുവാൻ ഘോരഘോരം കവലപ്രസംഗം നടത്തുന്ന ആളുകൾ  ഇത്  കാണാതെ പോകുന്നതോ അതോ കണ്ടിട്ടും കണ്ണടക്കുന്നതോ എന്നൊരു ആശങ്ക. അവർ അർഹിക്കുന്ന അംഗീകാരം കൊടുത്തില്ലെങ്കിലും അവരെ ഇങ്ങനെ കടിച്ചു കീറി കൊല്ലാതെ അവരുടെ പാട്ടിനു ജീവിക്കാൻ വിട്ടുകൂടെ എന്നൊരു തോന്നൽ. അടുക്കളയിലും കുളക്കടവിലും അടക്കം പറയുന്ന സ്ത്രീകൾ മാത്രമാണോ സംസ്കാരത്തിന്റെ ഭാഗം എന്ന സംശയം. എല്ലാത്തിലും ഉപരി ഈ പാഴാക്കി കളയുന്ന ഊർജത്തിന്റെ നാലിൽ ഒരു ഭാഗമെങ്കിലും നല്ലത് ചെയ്യാനും പറയാനും ഉപയോഗിച്ചുകൂടെ എന്ന ഒരു ആശയം. അത്രെയെ ഉള്ളു.
ശരിയെന്നു ഒരാൾക്കെങ്കിലും തോന്നിയാൽ സന്തോഷം.
Advertisements

Heavens, why don’t I write?

It’s been a while since I last posted on my blog. My niece is now 3 years old. And that has been the exact time since I’ve not written a blog. Ask me why and my answer is, I do not know. The reason is as mysterious as the one making me write now. The same reason makes some people write stories after stories and the same reason, causes some to die an idea-constipated death. It is as involuntary as it can get. Ask any good writers and they will tell you about the scary sleepless nights they go through thinking that they would wake up next morning to realise that they are drained of ideas. What if nothing strikes me from now on? Sounds like death to those who like to be called writers themselves. I strongly believe that there is a presence of an ‘inner voice’ or an unknown unseen on/off switch in every creative mind. Call it as divine godliness or a mere spark, it exists. And a mind is creative only when this switch is on. The sad part is that, it is not in our control.

What constitutes successful and satisfactory writing? How does one’s thought translate into many words and further into different thoughts?  These are questions which always had made me wonder. I started researching for an answer and this is what I came up with:

Most of the writers do not write for the sake of it. And for those who do, this blog is not for you. The rest may continue..

To me, it is a step-by-step process, which starts with something called EXPERIENCE. Experience could be from real life, books, movies etc. But then everyone do come across some kind of experience, don’t they? That doesn’t mean everyone could write. So there has to be something else which differentiates genuine writers from the rest. The difference, according to me, is called OBSERVATION.  So an experience well observed could be job half done? Well, almost. Then there is IMAGINATION. Imagination adds colour to “observed experience”. Every known creative work is a fine mix of all these. What next? WORD POWER. Yes, one needs to be reasonably or more ‘vocabularic’ to effectively convert the above said mix into words. Is that all? well, no! There is something else. And that is what my whole point is all about. The SPARK! No creative product takes shape without this spark.  I would like to believe that is spark is the Godliness in creativity, especially writing. The cosmic presence.

And the conclusion that I arrived upon was a rather humbling one.

The writer is a mere tool like pen and paper. What makes one write is the SPARK in him/her. Blessed are those writers who, over the years, came out with brilliant literature. What we actually respect is the Godliness in him/her. And every aspiring writer must pray to the almighty to keep that spark in him/her alive. Once, that spark enters you, you are a good writer, period!

Therefore, whenever someone asks you next time, “Hell, why dont you write?”, look up into the sky and re-frame the question, “Heavens, why don’t I write?” May be you will get the answer.

 

 

ആദ്യാവസാനം

ഈ കഴിഞ്ഞ ജൂണ്‍ 25ന് എന്‍റെ അനുജത്തിക്കു സുന്ദരിയായ ഒരു പെണ്‍കുഞ്ഞു ജനിച്ചു. കുടുംബത്തില്‍ എല്ലാവരും ആഗ്രഹിച്ചു കൊതിച്ചു കിട്ടിയ ഒരു പെണ്‍കുഞ്ഞ്. ഹോസ്പിറ്റല്‍ മുറിയിലെ ചുമരുകളില്‍ പിങ്ക് നിറത്തിലുള്ള ബലൂണ്‍ തൂക്കിയും മധുരം വിതരണം ചെയ്തും ബന്ധുക്കളെ ഫോണില്‍ വിവരം അറിയിച്ചും എ ല്ലാരും മതിമറന്നു സന്തോഷിക്കുന്നു . എല്ലാത്തിനും മുന്നില്‍ ഞാനും ഉണ്ട്. ശസ്ത്രക്രിയയുടെ  ആലസ്യത്തിലും ചിരിക്കുന്ന എന്‍റെ അനുജത്തിയുടെ മുഖം ഒരു നോക്ക് കണ്ടു. പൂര്‍ണത കൈവന്നതിന്‍റെ  നിറവില്‍ അവള്‍ മയക്കത്തിലേക്കു തിരിച്ചു പോയി .ആഹ്ലാദത്തിന്‍റെ  പതഞ്ഞു പൊങ്ങല്‍  ഒന്നടങ്ങിയപ്പോള്‍ ഞാന്‍ കുറച്ചു നേരം ആ വരാന്തയിലെ സോഫയില്‍ ചെന്ന് ഇരുന്നു. പത്രമെടുത്ത്‌ കണ്ണോടിച്ചപ്പോള്‍ ഒരു സ്ത്രീയുടെ പടമാണ്‌ കണ്ണില്‍ പതിഞ്ഞത്. ജീവന്‍ വറ്റിപ്പോയ അവരുടെ കണ്ണില്‍ നിന്ന്
കണ്ണീര്‍ കവിളിലേക്കു ഇറങ്ങി തണുത്തുറഞ്ഞ പോയപോലെ. ഒരു ബോര്‍വെല്ലിനുള്ളില്‍ പ്രാണന്‍ വെടിഞ്ഞ കൊച്ചു മഹിയുടെ അമ്മയായിരുന്നു അത്. 85 മണിക്കൂറോളം വേണ്ടി വന്നു ആ കുഞ്ഞിന്‍റെ ജീവനില്ലാത്ത ശരീരം പുറത്തെടുക്കാന്‍. പ്രകൃതി ഒരു ജീവനെടുക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ ഒരു ശാസ്ത്രവും ഒരു കണ്ടുപിടുത്തവും അവിടെ വിലപ്പോവില്ല എന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു  . ഒരു നിമിഷത്തെ അശ്രദ്ധ എന്നൊക്കെ പിന്നീട് പറയാമെങ്കിലും, ആ അമ്മയുടെ ഉള്ളിലെ നൊമ്പരക്കടല്‍ ശാന്തമാവാന്‍ ഇനി എത്ര ജന്മങ്ങള്‍ വേണ്ടി വരുമെന്ന് അറിയില്ല. നിമിഷങ്ങളുടെ ഇടവേളയില്‍ ഞാന്‍ കണ്ട രണ്ടു അമ്മമാരുടെ മുഖങ്ങള്‍ എനിക്ക് പഠിപ്പിച്ചു തന്നത് ഒരു പ്രപഞ്ചസത്യത്തെ തന്നെ ആണ്. സന്തോഷത്തിന്‍റെയും ദുഖത്തിന്‍റെയും ഇടയില്‍  ഉള്ള ആ no mans landല്‍ നിസ്സംഗനായി നോക്കി നില്‍ക്കാനു ള്ള ചിന്താശക്തി  എനിക്ക് ഈ നിമിഷം കൈവരുന്ന പോലെ…..
യാദൃശ്ചികമാവാം, എവിടുന്നോ യേശുദാസിന്‍റെ ശബ്ദം കേള്‍ക്കുന്നു  ….അക്കരെ മരണത്തിന്‍ ഇരുള്‍ മുറിയില്‍, അഴുക്കു വസ്ത്രങ്ങള്‍ മാറി വരും, അവര്‍ മടങ്ങി വരും. …ഒരിടത്ത് ജനനം ഒരിടത്ത് മരണം…. :))

ഒരു മുംബൈ മാസം

 ഞാന്‍ ആദ്യമായി ബോംബയില്‍ പോയ സംഭവത്തിനും, ആളുകള്‍ പൊതുവേ പറയാറുള്ള ‘പട്ടി-ചന്ത’ കഥക്കും വളരെ ഏറെ സാമ്യം ഉള്ളതായി എനിക്ക് പില്‍ക്കാലത്ത് തോന്നിയിട്ടുണ്ട്. ഒരു പകല്‍ കൊണ്ട് കറങ്ങി കണ്ടു വരാനുള്ള സ്ഥലമായെ അന്ന് ഞാന്‍ ബോംബെ യെ കണ്ടുള്ളൂ (ഇപ്പോള്‍ പേര് മുംബൈ ആണെന്നറിയാം. പക്ഷെ ബോംബെ എന്ന് പറയുമ്പോ എന്തോ, ഓര്‍മകള്‍ക്ക് നിറം കൂടുന്നത് പോലെ). മഹാരാഷ്ട്രയിലെ കൊലാപ്പുര്‍ എന്ന കൊച്ചു പട്ടണത്തില്‍ എന്‍റെ ബിരുദപഠനം പുരോഗമിച്ചു കൊണ്ടിരുന്ന കാലം (പുരോഗതി എന്ന് പറയാമോ എന്ന് അറിയില്ല എങ്കിലും). ഉച്ചക്ക് മുമ്പ് ക്ലാസുകള്‍ തീരും എന്നുള്ളത് കൊണ്ട് സായാഹ്നങ്ങളില്‍ ഞാന്‍ ഒരു ചെറിയ ജോലി ചെയ്യാന്‍ പോകുന്ന പതിവുണ്ടായിരുന്നു. എന്‍റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ടാണോ അതോ ജീവിതത്തില്‍ അനുഭവ പാഠങ്ങള്‍ നേരത്തെ തന്നെ മനസ്സിലാക്കി തരാനാണോ … എന്തായാലും ഇങ്ങനെ ഒരു ഏര്‍പ്പാട് എനിക്ക് എന്‍റെ അങ്കിള്‍ തന്നെ മുന്‍ കൈ എടുത്തു ഏര്‍പ്പാടാക്കി തന്നിരുന്നു. ഇരുനൂറു രൂപ ശമ്പളത്തില്‍ ഒരു ജെന്‍സ് ഗാര്‍മെന്‍റ് ഷോപ്പ് ഇല്‍ സെയ്ല്‍സ്ബോയ്‌ ആയിരുന്നു അന്ന് ഞാന്‍.  .  ജോലിക്കിടയിലെ ഇടവേളകളില്‍ സഹപ്രവര്‍ത്തകരായ പയ്യന്മാരോട് അറിയാവുന്ന ഹിന്ദിയിലും മറാത്തി യിലും നേരംപോക്ക് പറഞ്ഞിരിക്കുന്ന വേളയില്‍ ഒരിക്കല്‍ വിജയ്‌ എന്ന നിഷ്കളങ്കന്‍ ആയ ആ സഹപ്രവര്‍ത്തകന്‍ ഒരു ആഗ്രഹം അറിയിച്ചു. ഒരിക്കലെങ്കിലും ഒന്ന് മുംബൈ കാണണം. സാഹസപ്രിയനായ ഞാന്‍ അവനു കമ്പനി കൊടുക്കാമെന്നു ഏറ്റു. അങ്ങനെ ഒരു രാത്രി ഞങ്ങള്‍ മഹാലക്ഷ്മി എക്സ്പ്രസ്സ്‌ ഇല്‍ കയറിയതും അവിടെ ചെന്ന് അന്തം വിട്ട പോലെ തെക്ക് വടക്ക് നടന്നതും തിരിച്ചു വരാന്‍  വേണ്ടി ടിക്കറ്റ്‌ ഇല്ലാതെ പ്ലാട്ഫോമില്‍ കയറിയപ്പോള്‍ പോലിസ് പിടിച്ചതും പിഴ അടച്ചതും ഒക്കെ കൂടി ഓര്‍ത്തപ്പോഴാണ് എനിക്ക് നേരത്തെ പറഞ്ഞ കഥയുമായി സാമ്യം അനുഭവപ്പെട്ടത്.

എന്തായാലും ഇപ്പോള്‍ എനിക്ക് പറയാനുള്ള കഥ ഇതല്ല….

പിന്നീട് വളരെ വൈകാതെ തന്നെ വീണ്ടും ഞാന്‍ മുംബൈക്ക് ഒരു യാത്ര കൂടെ പോയി. ആദ്യയാത്രയില്‍ നിന്നും തികച്ചും വിഭിന്നമായ ഒരു അനുഭവം. അവിടെയുള്ള ചേച്ചിയുടെ വീട്ടില്‍ ന്യൂ ഇയര്‍ കൂടാന്‍ ബന്ധുക്കളുടെ കൂടെ ആണ് ആ തവണ പോയത്. അവിടത്തെ ഏറ്റവും ആര്‍ഭാടകരമായ അന്ദരീക്ഷത്തില്‍ ഒരൊറ്റ രാത്രി കൊണ്ട് മുംബൈ യുടെ ഏറ്റവും സമ്പന്നമായ മുഖങ്ങളില്‍ ഒരു മുഖമാണ് അന്ന് ഞാന്‍ അവിടെ കണ്ടത്. അന്ന് എനിക്ക് തോന്നി…ഇതാണ് മുംബൈ….നീളത്തിലും ഉയരത്തിലും ലോകത്തെ ഒട്ടുമിക്ക നഗരങ്ങളിലെ കെട്ടിടങ്ങളേയും വെല്ലുന്ന കെട്ടിട സമുച്ചയങ്ങള്‍. മേട്രോപോളിട്യന്‍ രീതികള്‍ ഒരു നോട്ടത്തിലും ചലനത്തിലും തുളുമ്പുന്ന, കാണുമ്പോള്‍ ആരാധന തോന്നിപ്പിക്കുന്ന മനുഷ്യര്‍, ആഡംബരം പെരുമ്പറ കൊട്ടിവരുന്ന തരം വണ്ടികള്‍, കൌതുകം പകരുന്ന ഭക്ഷണ ശാലകള്‍…ഇതെല്ലാം കണ്ടു മതിമറന്ന ഞാനും…ഈ തുറമുഖനഗരം എന്നെ അദ്ഭുതപ്പെടുത്തി തുടങ്ങിയിരിക്കുന്നു. ഞാനും കൂടി ഉള്‍പ്പെട്ട ഭാരതത്തിന്‍റെ യുവ സമൂഹം, സ്വപ്നം പോലെ മനസ്സില്‍ കൊണ്ട് നടക്കുന്ന ഈ മഹാനഗരം ഒരു സ്വപ്നത്തേക്കാള്‍  മനോഹരം ആണ്.

പക്ഷെ ഇതും എനിക്കിപ്പോള്‍ പറയാനുള്ള കഥ അല്ല……

വര്‍ഷങ്ങള്‍ കുറച്ചു കൂടി കടന്നു പോയി. ഞാന്‍ ഒഴികെ മറ്റെല്ലാവരുടെയും പ്രാര്‍ഥനയും ആഗ്രഹങ്ങളും ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ ബിരുദം എടുത്തു. അത് കൊണ്ട് അതിനപ്പുറമുള്ള എം.ബി.എ എന്ന സാഹസത്തിനു മുതിരാന്‍ യോഗ്യതയും കിട്ടി. എന്നെ മൂക്ക് കയറിട്ടു വരുതിയിലാക്കി മൂന്നു വര്ഷം കൊണ്ട് തന്നെ എന്നെകൊണ്ട്‌ ഡിഗ്രി എടുപ്പിച്ച എല്ലാ കുടുംബാങ്കങ്ങള്‍ക്കും, പ്രത്യേകിച്ച് എന്‍റെ ഇളയമ്മക്കും അവകാശപ്പെട്ടതാണ് ഈ ഡിഗ്രി എന്ന് ഈ അവസരത്തില്‍ ഞാന്‍ പറഞ്ഞുകൊള്ളട്ടെ. തിരുവനന്തപുരത്ത് ടൂറിസം മാനേജ്‌മന്റ്‌ ഇല്‍ പി.ജി ചെയ്യുന്ന കാലഘട്ടം. മൂന്നാം സെമെസ്ടര്‍ ഇല്‍ OJT (On the Job Training) എന്ന് പേരുള്ള ഒരു പരിപാടി ഉണ്ട്. ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ പോയി ഒരു മാസം അവിടെ ട്രെയിനിംഗ് എടുത്തു തിരികെ വരണം എന്നാണ് വ്യവസ്ഥ. സ്ഥലവും സ്ഥാപനവും തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഉണ്ടായിരുന്നു. ഒരു നിയോഗം പോലെ ഞാന്‍ എത്തപ്പെട്ടത് മുംബൈയിലെ ഒരു സ്ഥാപനതിലെക്കുള്ള ഒരു ഗ്രൂപ്പിലും. ആഹ്ലാദം മനസ്സില്‍ തിര തള്ളിയ നിമിഷങ്ങള്‍. കുറച്ചു വര്‍ഷങ്ങള്‍ മുമ്പ് ഞാന്‍ കണ്ട ആ സ്വപ്ന നഗരിയില്‍ ഒരു മാസക്കാലം. മനസ്സില്‍ മുഴുവന്‍ ‘അക്കരെ അക്കരെ അക്കരെ’ എന്ന സിനിമയില്‍ മോഹന്‍ലാലും ശ്രീനിവാസനും ചേര്‍ന്ന്അമേരിക്കയില്‍ പാടിയ പാട്ടിന്‍റെ ഈരടികള്‍….’സ്വര്‍ഗത്തിലോ നമ്മള്‍ സ്വപ്നത്തിലോ’…അങ്ങനെ ഒരു ദിവസം ഞങ്ങള്‍ 5 പേര്‍ മുംബൈയിലേക്ക് യാത്ര തിരിച്ചു.
എനിക്ക് പറയാനുള്ള കഥ ഈ യാത്രയുടെ ആണ് ..

സലിം, നികേത, സന്തോഷ്‌, ശ്രീരേഖ, ദീപക് അരവിന്ദ് എന്നീ കൂട്ടുകാരുടെ കൂടെ ഞാനും. ആ യാത്ര മുഴുവന്‍ ഞങ്ങള്‍ വരാനുള്ള സുഖമുള്ള നാളുകളെ സ്വപ്നം കണ്ടു. സിനിമകളില്‍ ഞങ്ങള്‍ കണ്ട മുംബൈ ദൃശ്യങ്ങള്‍ ഞങ്ങളുടെ മനസ്സുകളില്‍ കൊച്ചു ഫിലിം റീലുകള്‍ ആയി ഓടിക്കൊണ്ടിരുന്നു. ഓടുന്ന വണ്ടിയുടെ താളത്തിനൊത്ത് ഞങ്ങളുടെ സ്വപ്നങ്ങളും ഒരു ഫ്രെയിം ഇല്‍ നിന്ന് മറ്റൊരു ഫ്രെയിം ലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ഒരു വൈകുന്നേരമാണ് ട്രെയിന്‍ കുര്‍ള സ്റ്റേഷന്‍ ഇല്‍ എത്തിയത്. കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ക്ക് അവിടെ ബന്ധുക്കള്‍ ഉണ്ടായിരുന്നത് കൊണ്ട് അവരെ സ്വീകരിക്കാന്‍ ആളുകള്‍ എത്തിയിരുന്നു. സന്തോഷ്‌ ന്‍റെ ചേച്ചിയും അളിയനും അവിടെ ആയിരുന്നതിനാല്‍ അവനും യാത്ര പറഞ്ഞു പിരിഞ്ഞു. ഞങ്ങള്‍ മൂന്നു പേര്‍ ബാക്കി. അന്നെനിക്ക് മുംബൈയില്‍ അടുത്ത ബന്ധുക്കള്‍ ആയിട്ട് ആരും ഉണ്ടായിരുന്നില്ല. പക്ഷെ ഞങ്ങള്‍ മൂന്നു പേരെയും സ്വീകരിക്കാനും ഉണ്ടായിരുന്നു ഒരാള്‍. ഒരു സുഹൃത്തിന്‍റെ സുഹൃത്തും ഞങ്ങള്‍ക്ക് തികച്ചും അപരിചിതനുമായ ജാക്സണ്‍ എന്ന മലയാളി യുവാവ്. ആദ്യം ടാക്സി യിലും പിന്നീട് ലോക്കല്‍ ട്രെയിനിലും ആയി കുറെ ദൂരെ എവിടെയോ എത്തി. ആദ്യമായി, ആ സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന നഗരത്തില്‍ എത്തിയതിന്‍റെ അങ്കലാപ്പും ആവേശവും ഞങ്ങളില്‍ നിറയുന്നുണ്ടായിരുന്നു. കിംഗ്‌ സര്‍ക്കിള്‍ എന്ന സ്റ്റേഷനില്‍ വണ്ടിയിറങ്ങി ശേഷം ജാക്സണ്‍ ഞങ്ങളെ കൊണ്ട് പോയത് അടുത്തുള്ള ഒരു പഴയ ഫ്ലാറ്റിലേക്ക് ആണ്. അകത്തു കയറിയ ഞങ്ങള്‍ ചെറുതായി ഒന്ന് അന്ധാളിച്ചു. കാരണം ആ ഒരു കുടുസ്സായ ഒറ്റമുറിയില്‍ ഏതാണ്ട് പത്തു പതിനഞ്ച് പേര് താമസിക്കുന്നു. പൊതുവേ ചിരിക്കാന്‍ മടി കാണിച്ച ആ കൊച്ചു മലയാളി സമൂഹം. പുതിയ മലയാളികളെ കിട്ടിയപ്പോള്‍ അവിടത്തെ ഇന്‍ ഹൌസ് മലയാളികള്‍ക്ക് കുറച്ചു ഗൌരവം കൂടിയ പോലെ. ഒരു റാഗിങ്ങ് പോലെ ആയിരുന്നു പരിചയപ്പെടല്‍. പിറ്റേന്ന് ‘ഫുള്‍’ വേണമെന്ന് നിര്‍ബന്ധം പറഞ്ഞു. അവിടത്തെ രീതി അതാണത്രേ. മുംബൈ ആയാലും മാവിലായി ആയാലും നമ്മള്‍ മലയാളികള്‍ക്ക് ‘ഫുള്‍’നോടുള്ള പ്രതിപത്തി ഞാന്‍  എടുത്തു പറയേണ്ടതില്ലല്ലോ. പൊതുവേ എല്ലാടത്തും ഉള്ള രീതി അങ്ങനെ ആണത്രേ. ആ രീതി അത്ര പിടിക്കാത്തത് കൊണ്ട് പിറ്റേന്ന് വെളുപ്പിനെ എണീറ്റ്‌ റെഡി ആയി ട്രെയിനിംഗ് സ്ഥലത്തേക്ക് ഞങ്ങള്‍ടെ ബാഗും സാധനങ്ങളും എടുത്തു കൊണ്ട് പോയി. വേറെ താമസം ശരിയായി എന്ന് ആ ഫുള്‍ പ്രേമികളോട് ഒരു കള്ളവും പറഞ്ഞു. ആദ്യ ദിവസം ആയതു കൊണ്ട് തന്നെ ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും അതാതു ഓഫീസുകളില്‍ സാമാന്യം നല്ല രീതിയില്‍ തന്നെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിരുന്നു. ചെന്നായ് കൂട്ടങ്ങള്‍ക്കു നടുവിലുള്ള ആട്ടിന്‍ കുട്ടിയെ  പോലെ ഇരുന്നു തള്ളി നീക്കി ആ ദിവസം. അപരിചിതത്വം അപകര്‍ഷതയിലേക്ക് കൊണ്ടെത്തിച്ചുകൊണ്ടിരുന്നു മനസ്സിനെ… നാലുപാടും  നിന്ന് കേള്‍ക്കാം, പഞ്ചാബി യിലും തമിഴിലും ഇംഗ്ലീഷിലും ഉള്ള സംസാരം. തെറികള്‍ മാത്രം, നാനാത്വത്തില്‍ ഏകത്വം, എന്ന ആ തത്വം അന്വര്‍ത്ഥം ആക്കുന്നുണ്ടായിരുന്നു. കാരണം അത്, ജാതി ലിംഗ ഭേദമെന്യേ ഇംഗ്ലീഷില്‍ ആയിരുന്നു. വൈകുന്നേരം ആക്കി എടുത്തു പുറത്തു ചാടി, ഞങ്ങള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം ഒരു സ്ഥലത്ത് കണ്ടു മുട്ടി. ഞങ്ങളുടെ മുമ്പിലുള്ള പ്രശ്നം താമസിക്കാന്‍ തെറ്റില്ലാത്ത ഒരു സ്ഥലം എന്ന ബേസിക് നീഡ്‌ മാത്രം ആയിരുന്നു. ഒന്നോ രണ്ടോ ദിവസം അല്ലല്ലോ. ഒരു മാസമില്ലേ പിടിച്ചു നില്‍ക്കാന്‍. ഓപ്ഷന്‍ കൂടുതല്‍ ഇല്ലാത്തത് കാരണം പെട്ടന്ന് തന്നെ തീരുമാനം ആയി. സന്തോഷ്‌ ന്‍റെ അടുത്ത് പോകുക. അവനെ വിളിച്ചു വിവരം പറഞ്ഞു. അവന്‍ പോന്നോളാനും പറഞ്ഞു. അവരുടെത് അന്ധേരി യില്‍ ഒരു staff quarters ആയിരുന്നു. ഏതാണ്ട് ജാക്സണ്‍ ഞങ്ങളെ കൊണ്ട് പോയ ആ നരകത്തിന്റെ അത്ര തന്നെ വലിപ്പം ഉള്ള ഒരു ഒറ്റമുറി വീട്. പക്ഷെ നരകത്തില്‍ ചെകുത്താന്മാര്‍ ആയിരുന്നെങ്കില്‍ ഇവിടെ അവന്റെ ചേച്ചിയുടെയും അളിയന്റെയും രൂപത്തില്‍ സ്നേഹമയികള്‍ ആയ രണ്ടു മാലാഖമാര്‍ ആയിരുന്നു. പക്ഷെ അവിടുത്തെ സ്ഥല പരിമിതി ഞങ്ങളെ കൂടുതല്‍ വിഷമത്തില്‍ ആക്കി. ഒരു രാത്രി എങ്ങനെയോ അവിടെ കഴിച്ചു കൂട്ടി. പിറ്റേന്ന് കാലത്തെ വീണ്ടും ടൈ കെട്ടിയ ആട്ടിന്‍ കുട്ടി ആയിട്ട് ചെന്നായ്ക്കളുടെ ഇടയിലേക്ക്. അന്ന് വൈകുന്നേരം തിരിച്ചു quarters ഇല്‍ എത്തിയപ്പോള്‍ അവിടെ മധു ഭായ് എന്ന കൂട്ടുകാരനെ പരിചയപ്പെട്ടു. ഇവരുടെ ബന്ധു തന്നെ ആയിരുന്നു അയാള്‍. അടുത്തുള്ള ഒരു സ്ഥലത്ത് തന്നെ ഒരു മുറി ഏര്‍പ്പാടാക്കാം എന്ന് ഉറപ്പു പറഞ്ഞു മധു ഭായ്. ചകാല എന്ന ഏരിയയില്‍ ആണത്രേ പ്രസ്തുത ഭവനം. മധു ഭായ് തന്റെ ഉച്ചസ്ഥായില്‍ ഉള്ള പരുഷ സ്വരത്തില്‍, തൃശൂര്‍ സ്ലാന്ഗ്ഇല്‍  “Chhakkaalaa” എന്ന് പറയുന്നത് പിന്നീട് കുറെ കാലത്തേക്ക് നല്ല ഒരു നേരമ്പോക്ക് ആയിരുന്നു ഞങ്ങള്‍ക്ക്. പറഞ്ഞ പോലെ തന്നെ പിറ്റേന്ന് ഞങ്ങളെ റൂം കാണിക്കാന്‍ കൊണ്ട് പോവുകയും ചെയ്തു. പക്ഷെ മുറി കണ്ട മാത്രയില്‍ ഞങ്ങള്‍ മൂന്നു പേരുടെയും കണ്ണില്‍ നിന്ന് ഒരേ സമയം ചുടുകണ്ണീര്‍ വാര്‍ന്നു. കാരണം അതൊരു നീണ്ട ഇടനാഴി പോലെ തോന്നിക്കുന്ന ഒരു വലിയ മുകളില്‍ ആസ്ബസ്ടോസ് ഇട്ട ഒരു സിമന്റ്‌ തറ മാത്രം ആയിരുന്നു. നിലത്തു പാ വിരിച്ചു കിടക്കുന്ന വികൃത മുഖമുള്ള രൂപങ്ങള്‍. പേടിയും നിസ്സഹായാവസ്ഥയും തുല്യ അളവില്‍ മിക്സ്‌ ചെയ്ത ഒരു വികാരം ആണ് അപ്പോള്‍ തോന്നിയത്. quarters ലെ അസൌകര്യങ്ങള്‍ കണക്കിലെടുത്ത് ഞങ്ങള്‍ ഈ ഇരുണ്ട ഇടനാഴിയ്ല്‍ താമസിക്കാന്‍ തീരുമാനിച്ചു. മനുഷ്യരും മൃഗങ്ങളും ഏതാണ്ട് ഒരേ ലെവല്‍ ഇല്‍ ആണ് അവിടെ എന്നാണ് എനിക്ക് തോന്നുന്നത്. പേരിനു ഒരു നേര്‍ത്ത പൊട്ടിയ വാതില്‍ പൊളി പോലെ എന്തോ ഒന്ന് വെച്ച് പേരിനു മറച്ച ടോയ്ലെറ്റും കൂട്ടിനു പന്നികളും കഴുതകളും കൂടി ആയപ്പോ എല്ലാം പൂര്‍ത്തിയായി. എന്‍റെ മനസ്സില്‍ ഞാന്‍ കണ്ടിരുന്ന സ്വപ്ന നഗരം കത്തി ചാമ്പല്‍ ആവുന്ന വിഷ്വല്‍ ഞാന്‍ കൂടെ കൂടെ കണ്ടോണ്ടിരുന്നു. ഇങ്ങനെയും ഒരു വൃത്തി കേട്ട മുഖം മുംബൈക്ക് ഉണ്ടെന്നു അന്ന് ഞങ്ങള്‍ക്ക് മനസിലായി. പക്ഷെ, ട്രെയിനിംഗ് കഴിയാതെ തിരിച്ചു പോവാന്‍ ഒരു കാരണവശാലും പറ്റുമായിരുന്നില്ല. പകല്‍ ഓഫിസ് കാര്യങ്ങളും  രാത്രികാലങ്ങളില്‍ വീട് തപ്പലും ആയി പിന്നെയും അങ്ങനെ രണ്ടു ദിവസം. മുംബൈയുടെ ജീര്‍ണാവസ്ഥ ഞങ്ങള്‍ കേട്ടതിലും ഭീകരം ആണെന്ന് തോന്നി. പക്ഷെ അവിടെ ഉള്ളവര്‍ക്ക് അത് ഒരു വിഷയമേ അല്ലായിരുന്നു. എന്തെങ്കിലും ഒക്കെ ജോലി ചെയ്തു അവര്‍ ജീവിച്ചിരുന്നു. ജീവിക്കാന്‍ വേണ്ടി എന്ത് ജോലിയും ചെയ്യാന്‍ അവര്‍ക്ക് മനസ്സുണ്ട് എന്നത് ഒരു വലിയ കാര്യമായി തോന്നി ഞങ്ങള്‍ക്ക്. തൊഴിലില്ലായ്മ എന്നൊരു പ്രശ്നം അവിടെ ഉള്ളതായി അനുഭവപ്പെട്ടില്ല. മുംബൈ നഗരത്തിന്റെ മുഖമുദ്ര ആയി അറിയപ്പെടുന്ന ആ ‘spirit of a  Mumbaite’ എന്നത് സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവരിലും പ്രകടമായിരുന്നു.  ജീവിതത്തിലെ ഏറ്റവും നീളം കൂടിയ കുറച്ചു ദിവസങ്ങള്‍. ഞങ്ങള്‍ക്ക് ഈ ദിവസങ്ങള്‍ അങ്ങനെ ആയിരുന്നു.  വീടിന്റെയും വീട്ടുകാരുടെയും അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെയും ഒക്കെ വില ഈ 2-3 ദിവസങ്ങള്‍ കൊണ്ട് ഞങ്ങള്‍ പഠിച്ചു കഴിഞ്ഞിരുന്നു.
പതിവ് പോലെ ഒരു വൈകുന്നേരം. ഞങ്ങള്‍ വീട് അന്വേഷിച്ചു തെണ്ടുന്നു. പെട്ടെന്ന് ആരോ തോന്നിപ്പിച്ച പോലെ എനിക്ക് ഒരു പഴയ സുഹൃത്തിന്റെ മുഖം ഓര്‍മ വന്നു. കൊലാപ്പുര്‍ ഇല്‍ എന്‍റെ അടുത്ത സുഹൃത്തായിരുന്ന ശ്വേത. ഫോണ്‍ ബുക്ക്‌ ഇല്‍ തപ്പിയപ്പോള്‍ അവളുടെ നമ്പറും ഉണ്ട്. കൂട്ടുകാര്‍ രണ്ടു പേരോടും ഞാന്‍ അവളെ വിളിച്ചു നോക്കട്ടെ എന്ന് ചോദിച്ചു. എന്‍റെ കൂട്ടുകാര്‍ ആ മാനസികാവസ്ഥയില്‍ എന്തിനും തയാര്‍ ആയിരുന്നു.. ഞാന്‍ ഒരു ബൂത്തില്‍ കയറി ശ്വേതയുടെ നമ്പര്‍ ഡയല്‍ ചെയ്തു…മറുപുറത്ത് ഫോണ്‍ റിംഗ് ചെയ്യുന്ന ശബ്ദം. നേര്‍ത്ത ശബ്ദത്തില്‍ അപ്പുറത്ത് നിന്ന് ശ്വേത ‘ഹലോ’ എന്ന് പറഞ്ഞത് എന്‍റെ കാതില്‍ പതിഞ്ഞപ്പോള്‍, വരണ്ടുണങ്ങിയ മരുഭൂമിയില്‍ 3 ദിവസമായി വെള്ളം കിട്ടാതെ അലയുന്നവന് പെട്ടന്ന് ഒരു തെളിനീര്‍ ജലാശയം കണ്ടു കിട്ടിയാല്‍ ഉണ്ടാവുന്ന ആത്മ നിര്‍വൃതി ആയിരുന്നു എനിക്ക് തോന്നിയത്.
സുഖവിവരങ്ങള്‍ അന്വേഷിച്ചതിനു ശേഷം ഞാന്‍ ഇപ്പോള്‍ എവിടെ ആണെന്ന് ചോദിച്ചു അവള്‍. ഞങ്ങളുടെ സാഹസ കഥ വളരെ സംക്ഷിപ്തമായി അവതരിപ്പിച്ച എന്നെ ആദ്യം സ്നേഹപൂര്‍വ്വം ഒരു തെറി ആണ്  വിളിച്ചത്. മുംബയില്‍ ജനിച്ചു വളര്‍ന്ന ആ കൂട്ടുകാരിക്ക് ശരിക്കും അറിയാമായിരുന്നു ആ നഗരം അപരിചിതരോട് ഒരുപാട് ദയ കാട്ടാറില്ല എന്ന സത്യം. പരിഭവം കലര്‍ന്ന ആ ശാസനയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും അവളെ വിളിക്കാത്തതിന്‍റെ പേരില്‍ ഉള്ള ദേഷ്യവും പറഞ്ഞു തീര്‍ത്തു കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു. “സമാധാനത്തോടെ ഉറങ്ങാനും കാലത്ത് എഴുന്നേറ്റു ഓഫീസില്‍ പോവാനും പറ്റുന്ന ഒരിടം എവിടെയെങ്കിലും ഉണ്ടോ” എന്ന്. ഞങ്ങള്‍ മൂന്നു പേരോടും ആദ്യം ഞങ്ങളോട് നേരെ അവളുടെ കുര്‍ളയില്‍ ഉള്ള വീട്ടിലേക്കു വരാന്‍ പറഞ്ഞു. മറുത്തൊന്നും പറയാന്‍ സമ്മതിക്കാതെ അവള്‍ “I am expecting you guys in an hours time” എന്ന് പറഞ്ഞു അഡ്രസ്സും തന്നു ഫോണ്‍ വച്ചു.
ഒരു ഇടത്തരം മഹാരാഷ്ട്രീയന്‍ കുടുംബം ആണ് ശ്വേതയുടെത്. ആ വീട്ടില്‍ ഞങ്ങളെ എതിരേല്‍ക്കാന്‍ അവളുടെ അച്ഛനും അമ്മയും അനിയനും ഉണ്ടായിരുന്നു. അതിഥി സല്‍കാരം എങ്ങനെ എന്ന് ആ കുടുംബത്തെ നോക്കി പഠിക്കാന്‍ പറ്റും എന്നെനിക്കു തോന്നി. സ്നേഹത്തോടെ സ്വീകരിച്ചിരുത്തി ചായയും മറ്റും തന്ന്‌ കാര്യങ്ങളൊക്കെ അന്വേഷിച്ചു. എല്ലാം കേട്ടതിനു ശേഷം അവള്‍ ഒരു നിമിഷം ചിന്തയില്‍ ആണ്ടു. വേഗം തന്നെ ചാടി എണീറ്റ്‌ ഫോണ്‍ എടുത്തു ആരെയോ ഡയല്‍ ചെയ്തു. മറുപുറത്ത് അവള്‍ sir എന്ന് അഭിസംഭോധന  ചെയ്ത ഏതോ ഒരു പരിചയക്കാരന്‍ ആയിരുന്നു. വിഷയം ഞങ്ങള്‍ കൂട്ടുകാര്‍ക്ക് തല ചായ്ക്കാന്‍ ഒരിടം തന്നെ ആയിരുന്നു. അല്‍പനേരം മറാത്തിയില്‍ സംസാരിച്ച ശേഷം അവള്‍ ഫോണ്‍ കട്ട്‌ ചെയ്തിട്ട് തിരിച്ചു സെറ്റിയില്‍ വന്നിരുന്നിട്ട് പറഞ്ഞു, ” എന്‍റെ ഒരു sir ഇവിടെ അടുത്തൊരു ഫ്ലാറ്റില്‍ താമസിക്കുന്നുണ്ട്. ഒറ്റക്കാണ്. പക്ഷെ അയാള്‍ വലിയ താല്പര്യം കാണിച്ചിട്ടില്ല. എന്നാലും അവിടേക്ക് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. അപ്പൊ പോവുകയല്ലേ?” എവിടെയോ പ്രതീക്ഷയുടെ ഒരു നേരിയ വെള്ളിവെളിച്ചം കണ്മുമ്പില്‍ മിന്നിമറഞ്ഞു . പോവുന്ന വഴിക്ക് അവള്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ താല്പര്യക്കുറവിന്റെ കാരണം പറഞ്ഞു തന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇത് പോലെ രണ്ട്‌ bachelors വന്നു ഒരു മാസം താമസിച്ചു തിരിച്ചു പോവുമ്പോള്‍ അദ്ദേഹത്തിന്റെ കുറച്ചു സാധനങ്ങള്‍ മോഷ്ടിച്ച് കൊണ്ട് പോയിട്ടുണ്ടെന്ന്. ഇത് കേട്ടപ്പോള്‍ നേരത്തെ സൂചിപ്പിച്ച വെള്ളിവെളിച്ചത്തിന് വോള്‍ടയ്ജ് അല്പം കുറഞ്ഞ പോലെ തോന്നി പെട്ടെന്ന്. എന്തായാലും ഒരു ഫ്ലാറ്റ്ന്‍റെ നാലാം നിലയില്‍ ഉള്ള ‘സുനില്‍ കുല്‍കര്‍ണി’ എന്ന ബോര്‍ഡ് ഒരു ഗണപതി വിഗ്രഹത്തിന്റെ കൂടെ പതിപ്പിച്ച ഒരു വാതിലിനരികിലെ കോളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ ഞങ്ങള്‍ക്ക് ഉറപ്പില്ലായിരുന്നു, തുറക്കാന്‍ പോകുന്ന ഈ വാതില്‍ ആശ്വാസത്തിലേക്കോ അതല്ല അവഗണനയിലേക്കോ ആണോ ഞങ്ങളെ കൊണ്ടെത്തിക്കാന്‍ പോകുന്നതെന്ന്. എന്നിരുന്നാലും വാതിലില്‍ ഉറപ്പിച്ച വിഘ്നേശ്വര വിഗ്രഹം ശുഭസൂചകം തന്നെ ആയിരുന്നു.
വെളുത്ത്, പൊക്കം കുറഞ്ഞ്‌, നിഷ്കളങ്കമായ മുഖമുള്ള ഒരു ചെറുപ്പക്കാരന്‍ ആണ് വാതില്‍ തുറന്നത്. ശ്വേതയെ നോക്കി ചിരിച്ചെങ്കിലും, ഞങ്ങളെ സംശയ ദൃഷ്ടിയോടെ  ആയിരുന്നു അയാള്‍ നോക്കിയിരുന്നത്. രണ്ടു മാസം മുമ്പ് പറ്റിച്ചിട്ട് കടന്നു കളഞ്ഞ ആ പിള്ളേരുടെ അനുഭവം കുല്‍കര്‍ണി സാറിനെ കൂടുതല്‍ ഗൗരവം ഉള്ളവന്‍ ആക്കിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷെ, കൃത്രിമം എന്ന് എനിക്ക് തോന്നിയ  ആ

ഗൗരവം അദ്ദേഹത്തിന് ഒരു കൊച്ചു കുട്ടിയുടെ ഓമനത്തം നല്‍കിയ പോലെ തോന്നി. എന്തായാലും, ശ്വേതയുടെ ഉറപ്പിന്മേല്‍ ആ ചെറിയ വലിയ മനുഷ്യന്‍ ഞങ്ങള്‍ക്ക് അഭയം നല്‍കാമെന്നു ഏറ്റു. ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍, അതിതാണ്, ഇതാണ്, ഇതാണ്. കിടക്കാന്‍ കിട്ടിയത് അടുക്കള ആണെങ്കിലും അന്ന് ഞങ്ങള്‍ ശരിക്കും ഉറങ്ങി. എല്ലാം മറന്ന്. ആ രാത്രി ഞങ്ങള്‍ക്ക് ആ അടുക്കള സ്വര്‍ഗ്ഗവും കുല്‍കര്‍ണി സാര്‍ ഞങ്ങളുടെ ദൈവവും ആയി മാറുകയായിരുന്നു.
പിന്നീടുള്ള ദിവസങ്ങള്‍ ഞങ്ങള്‍ക്ക് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളില്‍ ചിലതായിരുന്നു. പ്രഭാതങ്ങളില്‍ കുല്‍കര്‍ണി സര്‍ന്‍റെ ഇ-പൂജ ഞങ്ങള്‍ക്ക് ഏറെ കൌതുകം നിറഞ്ഞതായിരുന്നു. കുളി കഴിഞ്ഞു ഈറനോടെ വന്നു കമ്പ്യൂട്ടര്‍ന്‍റെ മുമ്പില്‍ മൂപേര്‍ തൊഴുതു നില്‍ക്കും. ഗണേശ സ്തോത്രവും ഗായത്രി മന്ത്രവും ആരതിയും വിളക്ക് വെപ്പും എല്ലാം കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍സ് ആയിരുന്നു. മുംബൈയിലെ ഈ ഒരു വീട്ടിലല്ലാതെ വേറെ ഒരിടത്തും ഞാന്‍ ഇത് കണ്ടിട്ടില്ല. ഞായറാഴ്ചകളില്‍  ഞങ്ങള്‍ കറങ്ങാന്‍ പോയി തുടങ്ങി. ഒരു ദിവസം പനി വന്നു കിടന്നപ്പോള്‍ ശ്വേതയും അനിയനും കൂടെ കഞ്ഞി ഉണ്ടാക്കി കൊണ്ട് വന്നു. കുറച്ചു നേരം ഇരുന്നു അല്പം മരുന്നുകളും തന്നിട്ട് ആ ചങ്ങാതിമാര്‍ പോയി. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ അവിടത്തുകാര്‍ ആവുകയായിരുന്നു. ഞങ്ങള്‍ പോലും അറിയാതെ.  ലോക്കല്‍ ട്രെയിനുകളും, തിരമാല പോലെ വന്നു പോകുന്ന ആള്‍ക്കൂട്ടവും,   ഒരു പകല്‍ മുഴുവന്‍ പല ഭാഷകളില്‍ ഒച്ച വെച്ച് ആളെ കൂട്ടുന്ന വഴി വാണിഭക്കാരും, വന്യജീവികലെക്കാള്‍ പ്രണയജോടികളെ കാണാന്‍ പറ്റുന്ന നാഷണല്‍ പാര്‍കുകളും, പട്ടാപ്പകല്‍ പിടിച്ചു പറിക്കുന്ന കള്ളന്മാരും, ഇരുണ്ട തെരുവില്‍ ആളെ കാത്തിരിക്കുന്ന വേശ്യകളും, വി ടി സ്റ്റേഷനും, ഗെയ്റ്റ് വേയും , ഫാഷന്‍ സ്ട്രീടും, ജുഹു ബീച്ചും …….. ഒരു നോട്ടത്തില്‍ തന്നെ  ഒരു നൂറു മുഖങ്ങള്‍ക്ക് ഞങ്ങള്‍ സാക്ഷികള്‍ ആവുകയായിരുന്നു ആ ഇരുപതു ദിവസങ്ങള്‍ കൊണ്ട് . തിരിച്ചു പോരുന്നതിന്റെ തലേ ദിവസം അനുഭവങ്ങളുടെ ഭാണ്ടക്കെട്ടുകള്‍ മുറുക്കി ഞങ്ങള്‍ യാത്രയാവുമ്പോള്‍ സുനില്‍ കുല്‍കര്‍ണി എന്ന് പേരുള്ള ആ നല്ല മനുഷ്യന്‍ കണ്‍പീലികളില്‍ ഒരു തുള്ളിയെ താങ്ങി നിര്‍ത്താന്‍ പാട് പെട്ടുകൊണ്ട് ഞങ്ങളോട് ചോദിച്ചു, “എന്നെ മറക്കില്ലല്ലോ അല്ലെ” എന്ന്….സുഹൃത്തേ, ജീവിതം പഠിപ്പിച്ചവരുടെ കൂടെ ആണ് ഞങ്ങളുടെ മനസ്സില്‍ നിങ്ങള്‍ക്കു സ്ഥാനം. നിങ്ങളെ, ശ്വേതയെ, സന്തോഷിന്റെ ബന്ധുക്കളെ, മധുഭായ് യെ, പിന്നെ അവിടെ ഞങ്ങള്‍ക്ക് തണലേകിയ എല്ലാവരെയും ഇന്നും ഞങ്ങള്‍ ഓര്‍ക്കുന്നു. ആ ഓര്‍മകള്‍ക്ക് ശ്വേത കൊണ്ട് വന്ന ചൂട് കഞ്ഞിയുടെ മണമാണ്, നിങ്ങളുടെ റൂമിലെ പഴയ പുസ്തകക്കെട്ടുകളുടെ മണമാണ്, അതിലുപരി നിങ്ങളുടെ ഒക്കെ നിറഞ്ഞ സ്നേഹത്തിന്റെ മണമാണ്. മറക്കില്ലൊരിക്കലും….ഒരിക്കലും ..
* By the way, ട്രെയിനിംഗ് ചെയ്ത ആ സ്ഥാപനത്തില്‍ തന്നെ എനിക്ക് ജോലിയും കിട്ടി.

ഞാനും കുറെ കണ്ണുകളും .

എനിക്ക് പ്രകൃതി കല്‍പ്പിച്ചു തന്നിട്ടുള്ള ആയുസ്സ് എത്രയാണെന്ന് അറിയില്ല. പക്ഷെ, ഒരു ശരാശരി മനുഷ്യയുസ്സിന്‍റെ  കാലാവധിക്കണക്ക് അടിസ്ഥാനമായി എടുത്താല്‍, ഞാന്‍ എന്‍റെ ജന്മം പകുതിയോളം ജീവിച്ചു തീര്‍ത്തിരിക്കുന്നു എന്ന് വേണം കരുതാന്‍………………………     ഇന്നോളമുള്ള ജീവിതത്തില്‍ ഞാന്‍ എന്ത് നേടി, എന്ത് നേടിയില്ല എന്നൊരു കണക്കെടുപ്പല്ല ഇവിടെ എന്‍റെ  ഉദ്ദേശ്യം. മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ട ഒരു യാത്രക്കിടയില്‍ ഒരു നിമിഷം നിന്ന്, ഒന്ന് മുഖം ഉയര്‍ത്തി ചുറ്റിലും നോക്കുമ്പോള്‍ ഞാന്‍ കാണുന്നു…വളരെ വ്യതസ്തമായ നോട്ടങ്ങള്‍ എനിക്ക് നേരെ എറിയുന്ന ഒരു പറ്റം കണ്ണുകള്‍.. എന്നെ മാത്രം നോക്കി നില്‍ക്കുകയാണ് അവ… എന്തായിരിക്കും ആ കണ്ണുകള്‍ കാണുന്നത്? ഓരോ നോട്ടങ്ങളുടെയും വ്യതസ്തത എനിക്ക് വളരെ കൌതുകകരമായി തോന്നുന്നു. അതിലൂടെ ഒന്ന് കയറി ഇറങ്ങി, എന്നെ തന്നെ ഒന്ന് കണ്ടു വന്നാലോ, എന്നൊരു ചിന്ത. പല കണ്ണുകളില്‍ പതിയുന്ന എന്‍റെ പല മുഖങ്ങളെയും അതില്‍ നിന്നുണരുന്ന ചിന്തകളെയും ഒക്കെ ഒന്ന് ചുറ്റി നടന്നു കണ്ടിട്ട് ബാക്കിയുള്ള യാത്ര തുടരാം എന്നൊരു തോന്നല്‍. ഒന്നൂടെ വ്യക്തമായി പറഞ്ഞാല്‍, ഞാന്‍ നടുക്ക്, ചുറ്റും കുറെ കണ്ണുകള്‍, എന്നിലെ എന്നെ ഈ കണ്ണുകളിലൂടെ കാണാന്‍ ശ്രമിക്കുന്ന ഞാന്‍. ഒരു തരം നേരംപോക്ക് കളി  തന്നെ. വെറുതെ ഒരു രസം….ഇനി കണ്ണുകളിലേക്ക്…അഥവാ മനസ്സുകളിലേക്ക്..

First Eye –ഇവന്‍ സിനിമയില്‍ കയറി അല്ലെ?  ഭാഗ്യവാന്‍! . പഹയന്‍ എന്നെങ്കിലും അതില്‍ കയറിപ്പറ്റും എന്നറിയാമായിരുന്നു. പക്ഷെ ഇത്ര പെട്ടന്നുണ്ടാവുംന്നു വിചാരിച്ചില്ല. ആ…അഭിനയിക്കാന്‍ ഒക്കെ അറിയോ ആവോ. ചില്ലറ കഴിവൊക്കെ ഉണ്ടെന്നു തോന്നുന്നു…പിന്നെ ഇതിലൊക്കെ കയറാന്‍ എളുപ്പമാ, പക്ഷെ അതില്‍ നിന്ന് പെഴക്കാനാ പാട്. ചെറുക്കന് യോഗമുണ്ടെങ്കില്‍ രക്ഷപ്പെടും. ഒന്നും പറയാന്‍ പറ്റൂലേയ്…സലിം കുമാറിന് വരെ അവാര്‍ഡ്‌ കിട്ടിയില്ലേ? ഇതിലൊന്നും വലിയ കാര്യമില്ലന്നേ….എന്നാലും അവന്‍ എങ്ങനെ….

Second Eye – നല്ലൊരു ജോലി കിട്ടിയിട്ട് ഇയാള്‍ക്ക് ഇത്  എന്തിന്‍റെ പ്രാന്താ?  ജോലി ഒക്കെ ചെയ്യുന്നുണ്ട് പക്ഷെ അര മനസോടെ ആണെന്ന് മാത്രം. . ആലോചനയാണ് ഇതു നേരവും… കഴിവുണ്ട്, എന്നാലും  ജോലിയോട് കാണിക്കേണ്ടുന്ന ആ ഒരു ആക്രാന്തം കാണുന്നില്ല… ഒരുപക്ഷെ ആരുടേയും കീഴില്‍ ജോലി ചെയ്യുന്നത് ഇഷ്ടമല്ലെന്നു തോന്നുന്നു. അനാവശ്യമായ ഒരു ഈഗോ എവിടെയോ കിടന്നു കളിക്കുന്നുണ്ട് കേട്ടോ … ശുദ്ധന്‍ ആണ് പക്ഷെ ഇതിലും ഭേദം ചില ദുഷ്ടന്മാര്‍ ആണ്. ജോലിയില്‍ കയറ്റം കിട്ടി  പോകാന്‍ ഒക്കെ ചാന്‍സ് ഉള്ള ആളാണല്ലോ, എന്നിരുന്നാലും എവിടെയോ എന്തോ ഒരു പ്രശ്നം ഉണ്ട്. ഇയാള്‍ നേരെ ആവാന്‍ കുറച്ചു ബുദ്ധിമുട്ടാ.

Third Eye – അഹങ്കാരി!…വളര്‍ത്തു ദോഷം..വേറെന്താ?. ധൂര്‍ത്തും ധാരാളിത്തോം വേണ്ടുവോളം ഉണ്ട് കയ്യില്‍. തോന്നിയ പോലെ നാട് ചുറ്റി നടക്കുന്ന ഒരു തോന്നിവാസി. കൊച്ചി എന്നോ ബംഗ്ലൂര്‍ എന്നോ ബോംബെ എന്നോ എന്തൊക്കെയോ പറഞ്ഞു അമ്മയേം പറ്റിച്ചു നടക്കുന്ന ഒരു മുടിഞ്ഞ സന്തതി. കള്ള് കുടീം പുക വലീം ഒക്കെ ഉണ്ടെന്നാ കേള്‍ക്കുന്നത്. അതിനു പറ്റിയ കുറെ ചങ്ങാതിമാരും. കുറെ ടൂര്‍ എന്ന് പറഞ്ഞു നടക്കും, കുറെ സിനിമാ എന്ന് പറഞ്ഞു നടക്കും, ഉള്ള ജോലീം കളഞ്ഞു വെറുതെ നടക്കുന്ന കുരുത്തം കെട്ടവന്‍.  . ഇവനൊക്കെ എങ്ങനെ നന്നാവാന്‍? അവന്റെ ഒരു കറുത്ത കണ്ണടേം ലോറി പോലൊരു വണ്ടീം….തല്ലു കിട്ടി വളരാത്തതിന്റെ ആണേ…

Fourth Eye – അയ്യോ പാവമാ കേട്ടോ.. വീടിനും വീട്ടുകാര്‍ക്കും വേണ്ടി എന്തിനും തയ്യാറായ ഒരു ജന്മം. ആ അമ്മയെ ഒക്കെ അവന്‍ നോക്കുന്നത് കണ്ടു പഠിക്കണം ഇന്നത്തെ കുട്ടികള് . എന്തൊരു കുടുംബ സ്നേഹിയാ… ഇങ്ങനെ ഒരു മകനെ കിട്ടാന്‍ ആ അമ്മ ഭാഗ്യം ചെയ്തിരിക്കണം. അച്ഛന്‍ നേരത്തെ മരിച്ചു പോയെങ്കിലും എത്ര നന്നായി ആണവന്‍ കുടുംബത്തെ നോക്കുന്നത്? മോന് നല്ലതേ വരൂ കേട്ടോ.. മൂത്തവരോട് ബഹുമാനം, ഇളയവരോട് അളവറ്റ സ്നേഹം…ഇതൊക്കെ ഇപ്പൊ മഷി ഇട്ടു നോക്കിയാ കാണാന്‍ പറ്റുന്നതാ? ഹോ, ഇന്നത്തെ ലോകത്ത് ഈ കുട്ട്യേ  പോലെ ഉള്ളവരെ കാണാന്‍ പ്രയാസം…(മോന്‍ എന്റെ ആ കാര്യം മറന്നിട്ടില്ലല്ലോ അല്ലെ?)

Fifth Eye – A true friend… ഇതു പ്രതിസന്ധി ഘട്ടത്തിലും ഒരു ഫോണ്‍കാള്‍ ദൂരത്തിലുള്ള സുഹൃത്ത്‌. പോസിറ്റീവ് എനര്‍ജിയുടെ പര്യായം ആണ് ഇയാള്‍. എന്നോട് ഇയാള്‍ ശരിക്കും ക്ലോസ് ആണ്. മറ്റു പലരും ഇതേ അവകാശവാദം ഉന്നയിക്കുന്നുണ്ട്‌, എന്നാലും ഇയാള്‍ എന്നോടാണ് ഏറ്റവും അടുത്ത് ഇടപഴകുന്നത്. അസാധാരണമായ സത്യസന്ധത ആണ് ഇയാളുടെ മറ്റൊരു പ്രത്യേകത. ഇത് പോലൊരു സുഹൃത്ത്‌ ഉണ്ടായത് എന്‍റെ ഭാഗ്യം തന്നെ. പലപ്പോഴും സ്വന്തം കാര്യം വേണ്ടാന്ന് വെച്ച് എന്നെ സഹായിക്കാന്‍ വന്നിട്ടുണ്ടവന്‍. ഒരു അവസരം വരട്ടെ…എനിക്ക് സമയം ഉണ്ടെങ്കില്‍ ഞാനും സഹായിക്കും അവനെ.

Sixth Eye – കള്ളന്‍ ആണിവന്‍ ….ചിരിച്ചു കൊണ്ട് പറ്റിക്കുന്ന കള്ളന്‍ എന്താണ് ശരിക്കും ഇവന്റെ ഉള്ളിലിരിപ്പ് എന്ന് മനസിലാവുന്നില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ്. ഇവന്‍ ആള് ശരിയല്ല. ഒരിക്കലും പിടിക്കപ്പെടാതിരിക്കാനുള്ള സൂത്രങ്ങള്‍ ഒക്കെ അവന്‍റെ കയ്യില്‍ ഉണ്ട്. പാവത്താന്‍ ആണെന്ന ഭാവത്തില്‍ നില്‍ക്കുന്നു എന്നെ ഉള്ളു.     തന്ത്രശാലിയായ ഒരു കുറുക്കന്‍ ആണ് അവന്‍. മുമ്പിലുള്ള ആളിന് അനുസരിച്ച് പെരുമാറാന്‍ അവനു ഒരു പ്രത്യേക കഴിവുണ്ട്. അത് കൊണ്ട് തന്നെ ആണ് എല്ലാര്‍ക്കും  അവനെ ഇത്ര താല്പര്യം. പക്ഷെ എന്നെ എല്ലാ കാലവും പറ്റിക്കാന്‍ പറ്റില്ല. ഒരിക്കല്‍ നിന്നെ ഞാന്‍ പിടിക്കും, നോക്കിക്കോ..

Seventh Eye – ഇവന്‍ ഇതെന്താ സാധനം? പറയാന്‍ മാത്രം നിറമോ പോക്കാമോ ഒന്നുമില്ല. പിന്നെങ്ങനെ ഇവന്‍….ആ ഇന്നത്തെ കാലത്ത് എന്തും സംഭാവിക്കാല്ലോ. ഇതിനയിരിക്കണം കലികാലം എന്ന് പറയുന്നത്. ഇവന് കഴിവുണ്ടെന്ന് പറയുന്നുണ്ട്, പക്ഷെ ഞാന്‍ ഇന്ന് വരെ കണ്ടിട്ടില്ലല്ലോ മരുന്നിനു പോലും ഒന്നും. പിന്നെ ഒരു കാര്യം ഉണ്ട് കേട്ടോ..കയ്യില്‍ നല്ല ചെമ്പ് കാണും…അവന്റെ ആ ഒരു സെറ്റ് അപ്പ്‌ കണ്ട അറിയാം ആരോ പണ്ട് കുടുംബത്ത് ഉണ്ടാക്കി വെച്ചത് പൊടിക്കാന്‍ മാത്രം ഉണ്ടെന്നു. അല്ലാതെ ഇവനൊക്കെ….ഛെ അയ്യേ!

My goodness!!! .എന്തൊക്കെ തരം മുഖങ്ങളാ എനിക്ക്… ഞാന്‍ അപ്പൊ പലര്‍ക്കും പലതാ അല്ലെ? എന്തായാലും കൊള്ളാം….ഇഷ്ടപ്പെട്ടു..  :)))

കാണാന്‍ കണ്ണുകള്‍ ഇനിയുമേറെ ഉണ്ടെങ്കിലും, ഈ കളി ഇവിടെ നിര്‍ത്തുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു. കാരണം മറ്റൊന്നുമല്ല , “ഇനിയും ദൂരമേറെ പോകുവാന്‍ ഉണ്ടെനിക്കാ നിദ്രക്കു മുമ്പ്” എന്ന് പണ്ടാരോ പറഞ്ഞിട്ടില്ലേ? അത് തന്നെ കാര്യം…..കുറെ ദൂരം പോകുവാന്‍ ഉണ്ട്….ഇനിയും ഇതുപോലെ ചുറ്റുമുള്ള കണ്ണുകളുടെ എണ്ണം കൂട്ടുവാനുണ്ട്. അപ്പോള്‍, എന്‍റെ പ്രിയപ്പെട്ട കണ്ണുകളെ…നിങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന എന്നിലേക്ക്‌ തന്നെ വീണ്ടും ഞാന്‍ മടങ്ങട്ടെ….
യാത്ര തുടരും മുമ്പ് നിങ്ങളോട് പറയാന്‍ എനിക്ക് ഒന്ന് മാത്രമേ ഉള്ളൂ. നിങ്ങളുടെ നടുവില്‍  നില്‍ക്കുന്ന ഈ ഞാന്‍ മാത്രമാണ് ‘ശരിക്കും ഞാന്‍’ എന്ന സത്യം. ബാക്കി ഉള്ളതൊന്നും ഞാന്‍” അല്ല. അത് നിങ്ങള്‍ തന്നെ ആണ്. നിങ്ങളുടെ കാഴ്ച ആണ്. നിങ്ങളുടെ തന്നെ മനസ്സിന്‍റെ നിഴലാട്ടങ്ങള്‍ ആണ്. ഇതില്‍ ആനന്ദിക്കണോ വേവലാതിപ്പെടണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക…എന്‍റെ യാത്ര തുടരുക തന്നെ ചെയ്യും. ;))

നന്ദി..നമസ്കാരം.

സഹോദരാ, ഇത് നിങ്ങള്‍ക്ക് വേണ്ടി മാത്രം എഴുതുന്നതാണ്…..ഒരു നന്ദി പ്രകാശനത്തില്‍ ഒതുക്കാന്‍ കഴിയുന്ന ഒന്നല്ല ഇത് എന്നെനിക്കു ബോധ്യമുണ്ട്‌. എന്നാലും എന്തൊക്കെയോ പറയാന്‍ തോന്നുന്നു. ഒരു നിമിഷം കൊണ്ട് നിങ്ങള്‍ എടുത്ത ഒരു തീരുമാനത്തില്‍ മാറുവാന്‍ പോകുന്നത് എന്റെ ജീവിതം തന്നെയാണ്. ഒന്നും ചെയ്യാത്ത പോലെ നിങ്ങള്‍ നില്‍ക്കുന്നുന്ടെങ്കിലും, ഒരാളുടെ തലവര മൊത്തത്തില്‍ മാറാന്‍ പോന്ന എന്തൊക്കെയോ ചെയ്തിട്ടാണ് നിങ്ങള്‍ നില്‍ക്കുന്നത്. എന്ത് കണ്ടിട്ടാണ് നിങ്ങള്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്‌ എന്ന് മനസ്സില്‍ തോന്നുന്നുണ്ടെങ്കിലും നിങ്ങളുടെ ചിന്തകളെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആളല്ലാത്തത് കൊണ്ട് ഒന്നും ചോദിക്കുന്നില്ല. നന്ദി ഞാന്‍ പറയില്ല കാരണം…അത് ഒരു emotional terrain ലേക്ക് കയറിപ്പോവാന്‍ ചാന്‍സ് ഉണ്ട്.   ചില കാര്യങ്ങള്‍ അങ്ങനെ ആണ്. ഒരാളുടെ മുഖത്തേക്ക് വളരെ blank ആയി നോക്കി നില്‍ക്കുക എന്ന ഒരു പ്രക്രിയ മാത്രം സംഭവിക്കുന്ന സമയങ്ങള്‍ ഇടക്ക് സംഭവിക്കാറുണ്ട് ജീവിതത്തില്‍. അങ്ങനെ ഒരു സംഭവം ആണ് ഇത്. ഏതായാലും ഒരു കാര്യം ഞാന്‍ ഉറപ്പു തരാം. ‘മികച്ചത്’ എന്ന് പറയിപ്പിക്കാന്‍ പറ്റിയില്ലെങ്കിലും ‘മോശം’ എന്ന് നിങ്ങളുടെ ഈ തീരുമാനത്തെ പറയിപ്പിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും. എന്നെ ഓര്‍ത്തു ഒരു ദിവസമെങ്കിലും നിങ്ങള്‍ അഭിമാനിക്കുന്നു എന്ന് നിങ്ങളുടെ നാക്കില്‍ നിന്ന് കേള്‍ക്കാന്‍ ശ്രമിക്കും…ഞാന്‍ നാളെ ആരെങ്കിലുമൊക്കെ ആയി തീര്‍ന്നാല്‍ അതിനു കാരണം, നിസ്സാരമെന്നു നിങ്ങള്‍ കരുതുന്ന, നിങ്ങളുടെ ഈ ഒരു തീരുമാനം മാത്രം ആയിരിക്കും…തീര്‍ച്ച…എന്നും ബഹുമാനത്തോടെ ഓര്‍ക്കും ഞാന്‍ നിങ്ങളെ…. ഇനിയും പറഞ്ഞാല്‍ നാടകീയം ആയിപ്പോവും….നിര്‍ത്തുന്നു… നന്ദി നമസ്കാരം..

ചിന്ത്യം…….

വെളുത്ത കാളവണ്ടി പതുക്കെ വെള്ളത്തിലൂടെ നീങ്ങി. കണ്ണട വച്ച പട്ടി റോഡിലൂടെ സൈക്കിളില്‍ പോകുന്നു. എന്‍റെ കണ്ണിലേക്കു നിലാവ് അടിക്കുന്നു. ഞാന്‍ കൂളിംഗ് ഗ്ലാസ്‌ വെച്ചു. വണ്ടി നിന്നു. എന്താണ്? ഓ..കാളയുടെ ചെരുപ്പ് പൊട്ടിയത് കൊണ്ട് കുഴപ്പമില്ല. ഈ രാത്രി ഇനി എന്ത്? മുകളിലേക്ക് നോക്കി. ആഹാ…മിനിഞ്ഞാന്ന്  രാവണന്‍റെ ഗുസ്തി മത്സരം. കൈയിലുണ്ടായിരുന്ന പഴം എടുത്തു ദൂരെ കളഞ്ഞു. ഹാവൂ! ദാഹം മാറി. ആരോ ചെണ്ട കൊട്ടുന്നുണ്ട്. അതെ, മരപ്പട്ടികളുടെ ഗാനമേള. ഊളകളുടെ ഹര്‍ഷാരവം.ക്രിസ്തു പറഞ്ഞു, എന്‍റെ മൂക്കില്‍ ചോര. ചിറ്റപ്പന്‍ മരിച്ചു. സമാധാനം. ശാലീന യുവതികള്‍ ആണല്ലോ ഓംലെറ്റ്‌ കഴിക്കുന്നത്‌…. . എന്താവും പൂജ്യത്തിന്റെ സ്ഥിതി. കണ്ടറിയാം. ചങ്ങലക്കു ഭ്രാന്തു പിടിച്ചു ആ വര്‍ഷം. മഷി മാറി. ഇനിയിപ്പോള്‍ ചങ്ങല മഴ പെയ്യും. സൂര്യന്‍ ചക്രം ഉരുട്ടിക്കളിക്കുന്നു. കണ്ടിട്ടും കാണാത്ത ചേനത്തണ്ടന്‍ സുന്ദരഗാനം പാടുന്നു. അന്ന് തന്നെ ചേനക്ക് ജോലിയും കിട്ടി. മൂപ്പന് വയസ്സായി. ശരീരം മൊത്തം കഷണ്ടി. ചെവി തീര്‍ന്നു പോയി. ആകാശത്തിന്‍ വേര്, അമ്മിയുടെ തളിരില, മുള്ളില്ലാത്ത മുരിക്കിന്‍റെ മീശ, വായുവില്‍ വെള്ളം ചേര്‍ത്തത് പാകത്തിന്. ഇതെല്ലാം ചേര്‍ത്ത് കഴിച്ചാല്‍ ഒരു കുഴപ്പവും ഇല്ല. അയ്യോ! മുത്തപ്പന്‍ തുമ്മി. തവളകള്‍ ചുമച്ചു. ഹിപ്പോയുടെ തൊണ്ടയില്‍ കിച് കിച്. കുറ്റിക്കാട്ടില്‍ വികസ് ഗുളികകള്‍ ആത്മഹത്യ ചെയ്തു. ആ വണ്ടി അന്ന് വന്നില്ല. ഈ കടുവക്ക് മൈലേജും ഇല്ല. കട്ടുറുമ്പ് സിനിമ കാണാന്‍ പോയപ്പോള്‍ ക്യുവില്‍ മുട്ടനാട്. അന്നൊരു ശവദാഹം ആയിരുന്നു. ശവം പെപ്സി ആവശ്യപ്പെട്ടു. പൂച്ചയുടെ യോഗം!
വീണ്ടും പോണ്ടിച്ചേരി. സമയം ചൂയിന്‍ഗം ചവക്കുന്നു. ഭദ്രകാളി ബോംബെയിലേക്ക് വണ്ടി കയറി. തലക്കകത്ത് നാല് കിളിച്ചുണ്ടന്‍ മാമ്പഴം. ചെമ്മീന്‍ കുഞ്ഞിനു കണ്ണ് ഓപറേഷന്‍ ആണെന്ന് തോന്നുന്നു. 5 പേരും മൂത്ത് പോയി. കലികാലം ഒരു ബ്രോയിലര്‍ കോഴി. മാര്‍ബിള്‍ കസേരയില്‍ ഒരു പൊത്ത്. അതിലൂടെ മൂവായിരം ഇലകള്‍ അടിച്ചു പിരിഞ്ഞു. വേലുത്തമ്പി ദളവയുടെ ബൈക്ക് മറിഞ്ഞു. തിരമാലകള്‍ ദുബായില്‍ എത്തി. വെണ്‍ചാമരം കൊണ്ട് തലയ്ക്കു കിഴുക്കി. പത്തര മാറ്റുള്ള ലോറി ഞാന്‍ വിഴുങ്ങി. നെഞ്ച് മുഴുവന്‍ വാട്ടര്‍ ടാങ്ക് ആയി. കൈലാസത്തില്‍ അടുക്കള ജോലി ആണ് രമേശന്. ചാരനിറമുള്ള വെള്ളം ഒടുക്കം ക്ലാസ്സ്‌ കട്ട്‌ ചെയ്തു. ശുഭസ്യ മത്സ്യം.
(It’s real fun, at times, to give our senses some rest and let imagination take over to go for a wild spin)